ഒരായിരം കഥകളുറങ്ങുന്ന വടക്കൻ്റെ മണ്ണ്. കഴിഞ്ഞു പോയ ഇന്നലെകളുടെ ആ കഥകൾ തെയ്യമായി ഈ മണ്ണിൽ വിരിഞ്ഞിറങ്ങുന്നു. മനയോല തേച്ച് തലപ്പാളി കെട്ടി ചെമ്പട്ട് ചുറ്റി വരവിളിച്ചെത്തുന്ന തെയ്യക്കോലങ്ങൾ ആ കഥകൾ നമ്മെ ഓർമ്മിപ്പിക്കും. മാനവികതയുടെ, സാഹോദര്യത്തിൻ്റെ, കറയറ്റ സ്നേഹത്തിൻ്റെ, പകയുടെ, ചതിയുടെ, പോരാട്ടത്തിൻ്റെ വീര്യമുള്ള കഥകൾ. അതിൽ അടിച്ചമർത്തപ്പെട്ടവരുണ്ട്. അതിജീവിച്ചവരുണ്ട്. തോറ്റുപോയവരുണ്ട് ജയിച്ചു കയറിയവരുണ്ട്. പട ജയിച്ചവരുണ്ട്. പടയിലൊടുങ്ങിയവരുണ്ട്. കുടകരുടെ പടയിലൊടുങ്ങിപ്പോയ മാങ്ങാട്ട് മന്ദപ്പനും നാടുവാഴിയുടെ ക്രൂരതയ്ക്കു മുന്നിൽ കത്തിയമർന്ന തോട്ടുങ്കരപ്പോതിയും നടപ്പു സ്ഥിതിയെ വെല്ലുവിളിച്ച മുച്ചിലോട്ട് പോതിയും സവർണ്ണ വ്യവസ്ഥിതിയുടെ രക്തസാക്ഷിയായ അലങ്കാരനും പുലിമറഞ്ഞ തൊണ്ടച്ചനും കടാങ്കോട്ട് മാക്കവും അവരിൽ ചിലർ മാത്രം. ഇതിനുമപ്പുറം മതത്തിൻ്റെ വേലിക്കെട്ടുകളില്ലാതെ കളിയാട്ട ഭൂമിയിൽ കടന്നെത്തിയ ഉമ്മച്ചിത്തെയ്യവും അത്ഭുതങ്ങളിൽ ഒന്നുമാത്രം.
ആ വടക്കൻ്റെ മണ്ണിൽ നിന്ന് ഒരു പുതിയ സംരഭം നമ്മൾ ഇവിടെ അവതരിപ്പിക്കുകയാണ്. തെയ്യം കാണാൻ ആഗ്രഹിക്കുന്ന ഓരോ തെയ്യപ്രേമിക്കും വഴികാട്ടിയാകാൻ ഞങ്ങൾ ശ്രമിക്കുകയാണ്. മലബാറിൻ്റെ തെയ്യം കലണ്ടർ ഒരുക്കുക എന്നതാണ് അതിൽ ആദ്യത്തേത്. പരമാവധി കളിയാട്ടങ്ങൾ സ്ഥലവിവരമടക്കം ഞങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ തെയ്യം ഐതിഹ്യങ്ങൾ, ഫോട്ടോ/വീഡിയോ ഗ്യാലറി എന്നിവയും ഒരുക്കിയിരിക്കുന്നു. തുടക്കമായതിനാൽ തന്നെ ചില പരിമിതികൾ ഉണ്ടായേക്കാം. നിങ്ങളുടെ പിന്തുണ കൂടെ ഉണ്ടെങ്കിൽ മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി ഉണ്ടാകും എന്ന് ഞങ്ങൾ ഉറപ്പു തരുന്നു.